June 5, 2007

കുറച്ചു മേമ്മുറിച്ചിത്രങ്ങള്‍

മേമ്മുറി-ചിത്രങ്ങളിലൂടെ......









മേമ്മുറിയുടെ സുന്ദരത. ഇതു മേമ്മുറിയുടെ കിഴക്കേഅതിര്‍ത്തിയായ പൂവാശേരിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. ഇതാണു കാപ്പുതോട്, മേമ്മുറിയുടെ അരഞ്ഞാണം. തോടിന്റെ ഇരുകരകളിലുമുള്ള തെങ്ങുകളില്‍, ഒരുകാലത്ത് നിറയെ തൂക്കണാംകുരുവികളുടെ(കുഞ്ഞാറ്റക്കിളികള്‍) കൂടുകളായിരുന്നു. ഇന്നവ വളരെ അപൂര്‍വമായേ കാണാനുള്ളൂ. മേമ്മുറിയുടെ ബാല്യങ്ങള്‍ ഈ തോട്ടിലാണു നീന്തിയും മീന്‍ പിടിച്ചും വളര്‍ന്നത്. ഈ തെങ്ങുകളില്‍ നിന്നു കള്ളൂറ്റിയാണു മേമ്മുറിക്കാര്‍ വിശേഷദിവസങ്ങള്‍ ആഘോഷിച്ചിരുന്നത്. മറുനാട്ടുകാരനായ ഒരു ശ്രീകൃഷ്ണപ്പരുന്ത് കാഴ്ചകള്‍ ആസ്വദിച്ചു മണ്ടപോയ തെങ്ങില്‍ വിശ്രമിക്കുന്നുണ്ട്. ആരെടാ തന്റെ പടം പിടിക്കുന്നതെന്നഭാവത്തില്‍ അവന്‍ തിരിഞ്ഞു നോക്കുന്നുമുണ്ട്.

ചിത്രങ്ങള്‍ എടുത്തതു വാസുണ്ണി. വാസുണ്ണി സഹൃദയനായ ഒരു കാമുകനാണ്. വാസു പ്രേമിച്ച പെണ്‍പിള്ളേരെല്ലാം മറ്റുകാമുകന്മാരെ തേടിപ്പോയി. വാസുണ്ണി ശരിക്കും മേമ്മുറിക്കാരനല്ല. വാസുവിന്റെ അമ്മവീടാണു മേമ്മുറി. എങ്കിലും വാസുണ്ണി മേമ്മുറിക്കാരനാണ്. വളര്‍ന്നതും ഇപ്പോള്‍ വളരുന്നതും ഇവിടെത്തന്നെ.


May 31, 2007

‘പിണറായീടെമോന്‍’

മേമ്മുറിക്കാര്‍ അത്യധ്വാനികളാണ്. വൈകുന്നേരമായാല്‍ തച്ചേരുമുട്ടു ഷാപ്പിലാണു ഇവര്‍ തങ്ങളുടെ അധ്വാനം ഇറക്കിവെയ്ക്കുന്നത്. നിറയെ കഥകളുടെ കേന്ദ്രമാണിവിടം.
ഒരു കഥ ഇങ്ങനെ.
തോളില്‍ കൈയിട്ടാണ് ഇവര്‍ ഷാപ്പിലേയ്ക്ക് വരുന്നത്
“രണ്ടു തെളി”
ഇതാണു പതിവ്
ഒഴിക്കലും കഴിക്കലും തുടങ്ങുന്നു തുടരുന്നു.
“ഒരു കപ്പേം മീനും”
കപ്പ വന്നാല്‍ സ.ച തുടങ്ങുകയായി.
രണ്ടാളും മാര്‍ക്സിസ്റ്റ് പാര്‍ട്ടി അനുഭാവികള്‍.
ചര്‍ച്ച കൊഴുത്തു. പതിവിനു വിപരീതമായി അടിപൊട്ടി.
“ഫ്...ബ! പിണറായീടെമോനേ...
അടികൊണ്ടു മീന്‍കറിയിലേയ്ക്കു തലപൂണ്ടവന്‍ അലറി.
ശരിക്കും വി എസ് പക്ഷക്കാരന്‍ തന്നെ.
പ്രത്യേക ശ്രദ്ധയ്ക്ക് :പിണറായീടെമോന്‍ എന്നതു ഇന്നാട്ടില്‍ ഏറ്റവും മോശപ്പെട്ട തെറിവാക്കാണ്
സ.ച : സജീവ ചര്‍ച്ച
പിണറായി പക്ഷക്കാര്‍ സദയം ക്ഷമിക്കുക

April 14, 2007

കൊന്നയൊക്കെ പൂത്തു


ഹ! കൊന്നയൊക്കെ പൂത്തല്ലോ ; ഓണമായി.


കുട്ടായിമോന്റെ പേരില്‍ മേമ്മുറിയില്‍ പ്രചരിക്കുന്ന കഥകളിലൊന്ന്. സത്യമാണ് അല്ലെങ്കില്‍ തമ്പിച്ചനോട് ചോദിക്ക്. മേമ്മുറിക്കാര്‍ ഇപ്പോള്‍ ഓരോ വിഷുവും ഓര്‍മ്മിക്കുന്നത് കുട്ടായിമോന്റെ പേരിലാണ്. (കുടായിമോന്‍, ഗുഡായിമോന്‍ എന്നിങ്ങനെ പാഠഭേദങ്ങള്‍).


വിവരക്കേടുകള്‍ വിളിച്ചുപറയുക കുട്ടായിമോന്റെ ജീവിതരീതി.


മേസ്തിരി, ഇപ്പോള്‍ കോണ്ട്രാക്റ്റര്‍. ലിബറോ G5 ല്‍ സഞ്ചരിക്കുന്നു.


ഒരു പ്രേമമുണ്ട്. വിവാഹം തടസ്സത്തില്‍


...>>>





April 9, 2007

മേമ്മുറിവിശേഷം

മേമ്മുറിയുടെ ചരിത്രത്തിന് വലിയ പഴക്കമൊന്നും ഇല്ല. ഈ പ്രദേശം പണ്ട് കാടായിരുന്നു,നിറയെ കുറുക്കന്മാര്‍ വിഹരിച്ചിരുന്ന കാട്. ഇന്ന് കുറുക്കന്മാരില്ലെങ്കിലും കുറുക്കന്‍ ബുദ്ധിയുള്ളവര്‍ നാട്ടില്‍ ധാരാളമുണ്ട്. ഇനത്തെ മേമ്മുറിയുടെ സിരാകേന്ദ്രമാണ് മാന്‍വെട്ടം. നൂറുമീറ്ററിനുള്ളില്‍ രണ്ടു നാല്‍ക്കവലകള്‍ ചേര്‍ന്ന ‘സിറ്റി’. മാഞ്ചോട് ജംഗ്ഷനെന്നും പള്ളിക്കുന്നെന്നുമായിരുന്നു പണ്ട് ഈ കവലകള്‍ അറിയപ്പെട്ടിരുന്നത്.പക്ഷേ ഇപ്പോള്‍ മാവുമില്ല മാഞ്ചോടുമില്ല പള്ളിക്കുന്നുമില്ല. ഉള്ളതു മാന്‍വെട്ടം മാത്രം. കാടായിരുന്ന കാലത്ത് മാനുകളുമായി ബന്ധപ്പെട്ടുണ്ടായതാകാം മാന്‍വെട്ടം എന്നു ചില പഴമക്കാര്‍ പറയുന്നു. ചിലരുടെയെങ്കിലും പറച്ചിലില്‍ ‘മാമ്മെട്ടം’ ആകുന്നുണ്ടിവിടം. മാന്‍വെട്ടത്തിന്റെ ഹൃദയം പഴയ മാഞ്ചോട് ജംഗ്ഷനാകുന്നു, എന്തെന്നാല്‍ ഉതുപ്പാന്റെ പഴയ ചായക്കടയും കൊച്ചേട്ടന്റെ മിനി തട്ടുകടയും ജോസഫിന്റെ കടയും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. മാന്‍വെട്ടത്തിന്റെ ചരിത്രം വികസിക്കുന്നത് ഈ കടകളില്‍ നിന്നാണ്.

ചരിത്രത്തിലും വര്‍ത്തമാനത്തിലും മേമ്മുറിയുടെ കീര്‍ത്തി ഉയര്‍ത്തിയവരായി ആരെയും പറഞ്ഞുകേട്ടിട്ടില്ല. എന്നാല്‍ ഇനി അങ്ങനെ അല്ല. മേമ്മുറിയെ പ്രശസ്തമാക്കിയേ അടങ്ങൂ എന്ന വാശിയോടെ ചില ജന്മങ്ങള്‍ അവതരിച്ചു കഴിഞ്ഞു.

സചകള്‍(സജീവ ചര്‍ച്ചകള്‍)ആണ് മേമ്മുറിയുടെ സ്പന്ദനം. സൂര്യനുകീഴെ നടക്കുന്ന എന്തും മേമ്മുറിയില്‍ ചര്‍ച്ചാവിഷയമാകും. മേമ്മുറി ഒരു നാടകശാലയാകുന്നു. ഒരുപാട് കഥാപാത്രങ്ങള്‍ ആടി തിമിര്‍ക്കുന്ന ഒരു നാടകശാല.
... >>>

March 24, 2007

മേമ്മുറിപ്പിള്ളേരിവര്‍...

മേമ്മുറിയെ ബൂലോഗത്തിലെത്തിച്ച് ചരിത്രത്തിലൊരിടം. അത്രയെയുള്ളൂ.മേമ്മുറിപ്പിള്ളേരുടെ കഥകള്‍ ഇനി ബൂലോഗത്തില്‍ പരിലസിക്കട്ടെ. മേമ്മുറിപ്പിള്ളേരിവര്‍ എട്ടുണ്ണിപ്പിള്ളേരിവര്‍ വട്ടത്തില്‍ നിന്നു കളിക്കണ കണ്ടോ.